ഗുരുവായൂർ: ദേവസ്വം ചെയർമാനായി മുൻ എംഎൽഎ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ.വി.കെ. വിജയൻ, വി.ജി. രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിൽ എ.വി. ഗോപിനാഥ്, എം.യു. ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ നാമനിർദേശം ചെയ്തിരുന്നു.
ഇന്നലെ രാവിലെ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്കം പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്ന ഭരണസമിതിയോഗത്തിൽ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥിന്റെ പേര് ഭരണസമിതി അംഗം സി. മനോജ് നിർദേശിച്ചു. കെ.എസ്. ബാലഗോപാൽ പിന്താങ്ങി.